യാത്രകളെന്നും ലഹരിയാണ്. ഓരോ യാത്രയും ഓരോ ജന്മം ആണെന്നു തോന്നാറുണ്ട്.
ആകുലതകൾ നിറഞ്ഞ തുടക്കവും അലകളൊഴിഞ്ഞ് ശാാന്തമായ കടൽ പോലെ ഒടുക്കവും..
“നീ അവളെ കാണാനാണ് പോകുന്നത്..”.പതിവു പോലെ ആകുലമായ മനസ് മന്ത്രിച്ചു.
നെഞ്ചോട് ചേർന്നിരുന്നു മയങ്ങുന്ന കുഞ്ഞിനെ ഒന്നുകൂടെ ചേർത്തു പിടിച്ചു..
താഴത്തെ ബെർത്ത് ആയതുകൊണ്ടാവും അധികം അലോസരപ്പെടുത്തലുകൾ ഉണ്ടായില്ല… തൊട്ടു മുകളിലെ ബെർത്തിൽ കിടക്കുന്ന ചേച്ചി രാത്രി വൈകി ഉറങ്ങിയതുകൊണ്ട് ജനാല അതുവരേയും തുറന്നിടാൻ കഴിഞ്ഞുവെന്നുള്ളതും ഭാഗ്യം…
ഇരുട്ടിൽ കാഴ്ചകൾ അവ്യക്തമെങ്കിലും വെറുതേ ഇങ്ങനെ പുറത്തു നോക്കിയിരിക്കാൻ പ്രത്യേക സുഖമാണ്. ചെറുതും വലുതുമായ വെളിച്ചങ്ങൾ ശ്രോതസ്സറിയിക്കാതെ വന്നും പോയുമിരിക്കും..ആകലെയായി ചീറിപ്പായുന്ന വാഹനങ്ങൾ, നദികളിലെ നിശ്ശബ്ദതയെ ഭഞ്ജിക്കുന്ന കളകളാരവങ്ങൾ ഒക്കെ കേട്ടിരിക്കാൻ കൊതിയാണെപ്പോഴും.
യാത്രകൾ ഒരിക്കലും മടുക്കാത്തതും ഇതൊക്കെകൊണ്ട് തന്നെയാവും.
എവിടെയെത്തിയെന്നറിയില്ല.. മൊബൈലിൽ സമയം നോക്കി. നേരം പുലരാറാകുന്നു.. ഒമ്പതു മണിക്ക് എത്തുമായിരിക്കും..
രണ്ട് ദിവസം മുമ്പ് വൈകിട്ട് മൂന്നരയ്ക്ക് അനന്തപുരിയിൽ നിന്നും തിരിച്ചതാണ്. ബസിൽ ബാംഗ്ലൂരെത്തിയപ്പോൾ പിറ്റേന്ന് രാവിലെ ഏഴര ആയിരുന്നു. സംഘമിത്ര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിനു പുറപ്പെടുമെന്ന് അറിയാമായിരുന്നതുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയാണു മുഖം കഴുകിയതു തന്നെ..
പെട്ടെന്ന് തയ്യാറായി മോന് ആഹാരവും കൊടുത്തപ്പോഴേക്കും ട്രയിൻ പുറപ്പെടാൻ ഒരുങ്ങിയിരുന്നു.. നാല്പത്തിയെട്ടു മണിക്കൂർ യാത്ര ബാംഗ്ലൂരിൽ നിന്നും പാറ്റ്ന വരെ.. തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ രാവിലെ ഒമ്പതിനു പാറ്റ്നയിലെത്താം.
-പാറ്റ്ന റെയിൽവേസ്റ്റേഷൻ-ഒരു മണിക്കൂർ വൈകിയെങ്കിലും അധികം മുഷിയാതെ പാറ്റ്ന കണ്ടു. തിരക്കുകൾക്കിടയിൽ തലയുയർത്തിപ്പിടിച്ച് പാറ്റ്ന ജംഗ്ഷൻ നിൽക്കുന്നു.
പുറത്തിറങ്ങി പ്രീപെയ്ഡ് ടാക്സി കൌണ്ടറിൽ സീതാമർഹിക്ക് ടിക്കറ്റെടുക്കുമ്പോൾ ഉള്ളിൽ വീണ്ടും ആ പെരുമ്പറ മുഴങ്ങി.
കുഞ്ഞ്, എന്തിനെന്നറിയാതെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നപ്പോൾ.
ടാക്സി പാറ്റ്ന കെമിക്കത്സിനരികിലൂടെ ഇടത്തോട്ട് തിരിഞ്ഞ് ബംഗാളി ടോള ബസ് സ്റ്റാൻഡ് റോഡിൽ കേറി. അവിടെ നിന്നും മിഥാപൂർ ബസ് സ്റ്റാൻഡ് റോഡിൽ വന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് എൻ എച്ച് 22 ലൂടെ ആയി യാത്ര..
മുസ്സഫർപൂർ പോകുന്ന റോഡാണെന്ന് ടാക്സി ഡ്രൈവർ മുറി ഹിന്ദിയിൽ പറഞ്ഞു.
മൂന്നു മണിക്കൂർ യാത്രയ്ക്കൊടുവിൽ വിശ്വനാഥപൂർ ചൌകിലെത്തി.
അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം അഞ്ച് കിലോമീറ്ററോളം എൻ എച്ച് 227 ലൂടെ സഞ്ചരിക്കുമ്പോൾ സീതാമർഹിയിലേക്കുള്ള വഴികാട്ടികൾ കണ്ടു തുടങ്ങും.
പിന്നങ്ങോട്ട് ബൈപാസിലൂടെയാണ് കുറച്ചു ദൂരം യാത്ര. മൂന്നര മണിക്കൂർ കൊണ്ട് സീതാമർഹി എത്തുമ്പോൾ ഞാനും മോനും നന്നെ തളർന്നിരുന്നു.
-സീതാമർഹി റെയിൽവേസ്റ്റേഷൻ-സീതാമർഹി എന്ന പേരിൽ രണ്ട് സ്ഥലങ്ങളുണ്ട് . പാറ്റ്നയ്ക്കടുത്ത് നേപ്പാളതിർത്തിയോടടുപ്പിച്ചുള്ള സീതാമർഹി രാമായണത്തിലെ സീതാദേവിയെ ഭൂമിയിൽ നിന്നും ജനകമഹാരാജാവിനു കിട്ടിയ സ്ഥലമാണ്.
എന്നാൽ ഇനിയൊരു സീതാമർഹി കൂടെയുണ്ട്.
ഉത്തർപ്രദേശിലാണത്.
അലഹബാദിനും വാരണാസിക്കും ഇടയ്ക്കുള്ള ഈ സ്ഥലം സീതാദേവി ഭൂമി പിളർന്നുപോയ ഇടമായിട്ടാണ് അറിയപ്പെടുന്നത്.
രണ്ട് സീതാമർഹിയ്ക്കും സീതാമഢിയെന്ന മറ്റൊരു പേരു കൂടിയുണ്ട്.
പഴംകഥകളുറങ്ങുന്ന ഭാരതത്തിന്റെ മണ്ണിൽ ഓരോ മണൽത്തരിക്കും പറയാനുണ്ടാകും ഒരായിരം ഐതീഹ്യങ്ങൾ.
പിറവി കൊള്ളാനൊരു ഉഴവു ചാൽ മതിയായിരുന്നെങ്കിലും മടങ്ങാൻ ഭൂമി തന്നെ പിളരേണ്ടിയിരുന്ന ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ തേടിയുള്ള യാത്രയിൽ ആദ്യമേ ഉറപ്പിച്ചിരുന്നു തുടക്കം ജനകന്റെ മണ്ണിൽ നിന്നാവണമെന്ന്..
എന്തും പിറവിയിൽ നിന്നുമാണല്ലോ തുടങ്ങുന്നത്. അങ്ങനെയാണ് ബിഹാറിലെ പാറ്റ്നയിൽ നിന്നും കുറച്ചകലെയുള്ള സീതാമർഹിയിലേക്ക് തിരിച്ചത്.
സീതായൻ ഹോട്ടലിൽ ആയിരുന്നു താമസസൌകര്യം ഏർപ്പെടുത്തിയിരുന്നത്. റെയിൽവേസ്റ്റേഷനടുപ്പിച്ചുള്ള ഹോട്ടലായതുകൊണ്ടായിരുന്നു അത് തെരഞ്ഞെടുത്തത്. റൂമിലെത്തി കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും എനിക്കും കുഞ്ഞിനുമുള്ള ഭക്ഷണം എത്തിയിരുന്നു. ഉച്ച കഴിഞ്ഞ് ചുറ്റിക്കാണാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞതുകൊണ്ട് ഒന്നു മയങ്ങാമെന്നു കരുതി.
മോനപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു.
മൂന്നു മണിയായപ്പോൾ ഞങ്ങൾക്ക് പോകാനുള്ള ടാക്സി വന്നിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി.
മോനേയും ഒരുക്കി താഴേക്കിറങ്ങി വരുമ്പോൾ സിനിമകളിൽ കണ്ടിട്ടുള്ള മഞ്ഞയും കറുപ്പും കലർന്ന മുകളിൽ കാരിയർ ഘടിപ്പിച്ച അംബാസിഡറോ പ്രിമിയർ പത്മിനിയോ ഒക്കെയായിരുന്നു മനസിൽ. പക്ഷേ ഞങ്ങളെ കാത്തു കിടന്നിരുന്നത് ഒരു ഇന്നോവയായിരുന്നു.
മാറ്റം പ്രകൃതിനിയമം എന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് മുഷിഞ്ഞ കാക്കി വേഷത്തിനു പകരം തിളങ്ങുന്ന വൃത്തിയുള്ള യൂണിഫോം ധരിച്ച ഡ്രൈവർ ഇറങ്ങി വന്ന് പുറകിലത്തെ ഡോർ തുറന്നു തന്നു.
സീതാമർഹിയുടെ ഹൃദയത്തിലൂടെ, അവൾ പിറവികൊണ്ട മണ്ണിലൂടെ ഒരു യാത്ര..
സീതാമർഹി ഒരു ഗ്രാമമാണ്. കാർഷികവൃത്തി ഉപജീവനമാക്കിയ ജനത. പാതയുടെ ഇരുവശത്തും പാടങ്ങളാണ്. ചോളവും ഗോതമ്പും അരിയും പച്ചക്കറികളും പയറു വർഗ്ഗങ്ങളുമൊക്കെയുണ്ട്. കുളിർ നീരുറവകളും കുഞ്ഞു കുഞ്ഞു വീടുകളുമൊക്കെയായിട്ട് കേരളത്തിനിന്നു അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൌന്ദര്യം അപ്പാടെ നൽകി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട് സീതാമർഹിയെ. മണ്ണിനെയും പ്രജകളേയും സ്നേഹിച്ച, രാജാവിന്റെ ആഢംബരങ്ങളുപേഷിച്ച് ഋഷിക്കു തുല്യം ജീവിതം നയിച്ച ജനകന്റെ ആത്മാവുറങ്ങുന്ന മണ്ണിൽ ഇതു തന്നെയല്ലേ പ്രതീക്ഷിക്കേണ്ടതെന്ന് മനസ് ഓർമ്മപ്പെടുത്തി.
മുസ്സാഫർപുർ ജില്ലയുടെ ഭാഗമായിരുന്ന സീതാമർഹിയെ സ്വതന്ത്ര ജില്ലയായി പ്രഖ്യാപിച്ചത് 1972 ഡിസംബർ പതിനൊന്നിന് അന്നത്തെ ബിഹാർ മുഖ്യമന്ത്രി കേദാർ പാണ്ഡെയായിരുന്നു. വളരെയകലെയല്ലാതെ അതിർത്തിക്കപ്പുറം നേപ്പാളിൽ ജനകൻ വാണിരുന്നു എന്നു പറയപ്പെടുന്ന ജനകപുർ ആണ്. നാടിന്റെ വരൾച്ച തന്റെ നിരാസമനോഭാവം കൊണ്ടും സന്താനമില്ലായ്മകൊണ്ടും ഉണ്ടായതാണെന്ന് ഗുരുക്കന്മാരിൽ നിന്നും മനസിലാക്കിയ ജനകൻ പുത്രകാമേഷ്ഠി യാഗത്തിനു ഒരുങ്ങുകയും യാഗാനന്തരം കലപ്പകൊണ്ട് ഉഴുകയും ചെയ്തുവത്രേ. തദവസരത്തിൽ കലപ്പ മണ്ണിലാണ്ടുകിടന്നൊരു മൺപാത്രത്തിൽ തട്ടിയെന്നും അത് പുറത്തെടുത്ത് തുറന്നപ്പോൾ ഒരു പെൺകുഞ്ഞിനെ കിട്ടിയെന്നും സിതം കണ്ടെടുത്ത പെണ്ണായതുകൊണ്ട് സീത എന്ന് പേരിട്ടുവെന്നും പുരാണം.
അവിടുത്തെ കാറ്റിനു പോലും ഒരു രാമായണശീലുള്ളതുപോലെ തോന്നിച്ചു. ടാക്സി ഡ്രൈവർ അമ്പതിനോടടുത്ത ഭോലാറാം എന്ന പേരുള്ള ഒരാളായിരുന്നു. മകളുടെ പ്രായമുള്ള എന്നെ മാംജി മാംജി എന്നിടയ്ക്കിടയ്ക്ക് വിളിച്ച് അദ്ദേഹം കഥകൾ പറഞ്ഞ് വാചാലനായി. മോൻ യാത്രയിൽ ബഹളമുണ്ടാക്കാതെ നോക്കാൻ ആ മനുഷ്യനു പ്രത്യേക കഴിവുള്ളതുപോലെ തോന്നിയപ്പോഴാണ് വീട്ടിൽ ആരൊക്കെയുണ്ടെന്ന് ചോദിച്ചത്. ഒരു മകളുണ്ടന്നും ഭാര്യ നേരത്തെ മരിച്ചു പോയെന്നുമൊക്കെ അദ്ദേഹം മനസ് തുറന്നു. മകളുടെ കുഞ്ഞിനു എന്റെ കുഞ്ഞിന്റെ പ്രായമുണ്ടെന്നു പറഞ്ഞപ്പോൾ വെറുതേ ഒരു കൌതുകത്തിനു ചോദിച്ചു മകളുടെ ഭർത്താവ് എന്തു ചെയ്യുന്നു എന്ന്. മറുപടി തരാതെ, മോന് എന്റെ ഛായയല്ലല്ലോ സാബ്ജിയുടെ ഛായ ആവും അല്ലേ എന്ന ചോദ്യമാണ് ചോദിച്ചത്. ഞാൻ നിശ്ശബ്ദയായെങ്കിലും യാത്ര അവസാനിക്കും മുമ്പ് അദ്ദേഹം തന്നെ എന്റെ വിഴുങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നു. ഒരു പ്രണയപരാജയത്തിന്റെ ബാക്കി പത്രമാണ് അദ്ദേഹത്തിന്റെ മകൾ ജാനകിയും കുഞ്ഞും. ബന്ധുക്കളെ വിവരമറിയിച്ച് വന്ന് കൂട്ടിക്കൊണ്ട് പോകാമെന്ന് പറഞ്ഞ അയാൾ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. പറഞ്ഞു തീർത്തപ്പോൾ ഭോലാറാമിന്റെ ശബ്ദം ഇടറിയിരുന്നു, പക്ഷേ അത് മറയ്ക്കാൻ അദ്ദേഹം ഉറക്കെ പാടി, “പർദേശിയോംസേ നാ അഖിയാ മിലാനാ… പർദേശിയോം കോ ഹെ എക് ദിൻ ജാനാ..” അർത്ഥമുള്ള പാട്ട്..
സങ്കടം തോന്നി. കാലം മാറിയിരിക്കുന്നു, കഥകളും കഥാപാാത്രങ്ങളും മാറി. സത്യവാനോട് സൌകര്യപ്പെടില്ലെന്നു സാവിത്രിയും രാമനോട് പോടാന്നു സീതയും പറയാൻ പഠിച്ച കാലം. പക്ഷേ, ശകുന്തളമാർക്ക് ഒട്ടും കുറവില്ല.
ചിന്തകൾക്ക് കടിഞ്ഞാണിട്ട് സീതാമർഹിയുടെ മണ്ണിൽ മനസും കണ്ണുകളും സമർപ്പിച്ചു.
സീതാമർഹിക്ക് ഒരു പുരാണത്തിലെ ഗ്രാമത്തിന്റെ പരിവേഷമാണ് ഇപ്പോഴും. ആശ്രമങ്ങളും ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും പൌരാണികത ഉടയാത്ത പുണ്യസ്ഥലങ്ങളും ഈ പരിവേഷത്തെ അരക്കിട്ടുറപ്പിക്കുന്നു.
കാണാൻ ഏറെ സ്ഥലങ്ങളുണ്ട്, ചെവിയോർക്കാനൊരുപാട് കഥകളും. കുട്ടികളെ പഠിപ്പിക്കുമ്പോൾ സംസ്കൃതഗ്രാമമായ മത്തൂരിനെക്കുറിച്ച് പറഞ്ഞത് മനസിലേക്ക് ഓടി വന്നു, സീതാമർഹിയിലെ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ.
വൃത്തിയും വെടിപ്പുമുള്ള വീടുകൾ ചിത്രപ്പണികൾ കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പുരാതന സംസ്കാരത്തിന്റെ ബാക്കി പത്രങ്ങളായ മുറങ്ങളും വട്ടികളും കൃഷി ഉപകരണങ്ങളുമെല്ലാം വളരെ ഭംഗിയായി സൂക്ഷിക്കുന്നു ഓരോ വീട്ടിലും.
ആദ്യം ജാനകി മന്ദിർ കാണാനാണ് പോയത്. നൂറു വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രം. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഒന്നരകിലോമീറ്റർ അകലത്തിലാണ് ഈ ക്ഷേത്രം. ജനകപുത്രി സീതയെ കണ്ടു കിട്ടിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. അതിന്റെ ഓർമ്മയ്ക്ക് ജനകൻ അവിടെയൊരു കുളം നിർമ്മിച്ചു, അതിപ്പോഴും ജാനകി കുണ്ഡ് എന്ന പേരിൽ അവിടെയുണ്ട് ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായിട്ട്.
അവിടെ നിന്നും പടിഞ്ഞാറോട്ട് ഏകദേശം അഞ്ചു കിലോമീറ്റർ പോയാൽ വീണ്ടും ഒരു ജാനകി ക്ഷേത്രമുണ്ട് പുനൌറ എന്ന സ്ഥലത്ത്. അതും സീതയുടെ ജനനവുമായി ബന്ധപ്പെട്ട ക്ഷേത്രം തന്നെയാണ്. നവമിക്കും വിവാഹ പഞ്ചമിക്കുമാണു ഈ ക്ഷേത്രങ്ങളിലെ ഉത്സവം. അതായത് ഒക്ടോബർ നവംബർ മാസങ്ങൾ. അതിനോടനുബന്ധിച്ച് നടത്തുന്ന കാലിച്ചന്ത കാണാൻ അനേകം വിദേശിയർ എത്താറുണ്ടത്രേ.
വീണ്ടും ഒരു ഇരുപത് കിലോമീറ്ററോളം പോയിക്കാണും, ഒരു ശിവക്ഷേത്രം കണ്ടു. ഡിയോകുലി എന്നും ധേക്കുലി എന്നുമൊക്കെ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിനു ബന്ധം മഹാഭാരതവുമായിട്ടാണ്.
ഒരു വസ്ത്രാഞ്ചലം ഉലഞ്ഞപ്പോൾ നിലം പൊത്തിയത് ഒരു സാമ്രാജ്യമായിരുന്നു, ഒരു കുലമായിരുന്നു. പെണ്ണൊരുമ്പെട്ടാൽ എന്ന ചൊല്ലിനെ അർത്ഥവത്താക്കിയ ഭാരതകഥ തിരുത്തിക്കുറിച്ച പെണ്ണ്, ദ്രൌപതി എന്ന പാഞ്ചാലി ജനിച്ചത് ഇവിടെയാണത്രേ. ഷിയോഹർ ജില്ലയുടെ ഭാഗമായിരുന്ന ഈ ക്ഷേത്രം സീതാമർഹിയോട് ബന്ധിപ്പിച്ചത് 1994 ൽ ആയിരുന്നു. അവിടുത്തെ മണ്ണിൽ കാലുറപ്പിക്കുമ്പോൾ പാദങ്ങൾ പൊള്ളുന്നുണ്ടായിരുന്നു, ഒരു പെണ്ണിന്റെ പകയുടെ ചൂടാവുമോ? എല്ലാ ശിവരാത്രിക്കും ആകർഷണീയമായ ഒരു മേള ഇവിടെ കൊടിയേറാറുണ്ടത്രേ.
അതിനടുപ്പിച്ചാണ് സഭാഗച്ചി ശശൌള എന്ന സ്ഥലം. പണ്ട് മിഥിലയിലെ ബ്രാഹ്മണർ ഒത്തുകൂടിയിരുന്ന് കന്യകമാർക്ക് വിലപേശിയിരുന്ന സ്ഥലം. ഒറ്റവാക്കിൽ പറഞ്ഞാൽ വിവാഹക്കമ്പോളം. മുന്തിയ വിലയ്ക്ക് ഉറപ്പിക്കപ്പെടുന്ന വിവാഹങ്ങൾ പിന്നീട് ആഘോഷപൂർവ്വം നടത്തപ്പെടും. സ്ത്രീയെ വില്പനച്ചരക്കാക്കിയിരുന്നു മിഥിലയുടെ ആ പരമ്പരാഗത രീതിവ്യവസ്ഥയിൽ മനം നൊന്തു അവിടെനിന്നും നടക്കുമ്പോൾ..
പിന്നെ പോയത് ബോധായൻ സർ കാണാനായിരുന്നു. മഹർഷി ബോധയ അനേകം ഇതിഹാസങ്ങൾ രചിച്ചത് ഇവിടെയിരുന്നാണെന്ന് പറയപ്പെടുന്നു. ഈ മഹർഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ് സംസ്കൃതം വ്യാകരണത്തിനു അടിത്തറ പാകിയ പാണിനി എന്ന് കരുതപ്പെടുന്നു. മുപ്പത്തിയേഴു വർഷങ്ങൾക്കു മുമ്പ് ദിയോരഹ ബാബ എന്ന സന്യാസി ഇവിടെ ബോധയ മഹർഷിക്ക് ക്ഷേത്രം പണിതു. ഫലങ്ങളാണത്രേ ഈ ക്ഷേത്രത്തിലെ നേർച്ചകാഴ്ചകൾ.
ഇരുട്ട് പരക്കാൻ തുടങ്ങിയതു കൊണ്ടാവും ഇനി യാത്ര അടുത്ത ദിവസമാകാം എന്നു പറഞ്ഞ് ഭോലാറാം തിരക്കു പിടിച്ചു. സ്നേഹത്തിനു മുന്നിൽ എന്നും കീഴടങ്ങാൻ ഇഷ്ടമുള്ളതുകൊണ്ട് ഭോലാറാമിനെ അനുസരിക്കാൻ തീരുമാനിച്ചു. റൂമിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചതു മാത്രമേ ഓർമ്മയുള്ളൂ.. പെട്ടെന്നുറങ്ങി.. അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു.
രാവിലെ മനസറിഞ്ഞതു പോലെ ഭോലാറാമെത്തി കൃത്യം എട്ടു മണിക്ക് തന്നെ. കാറിൽ കയറും മുമ്പ് തന്നെ ഒരു പരിദേവനം സമർപ്പിച്ചു, അത് മകൾ ജാനകിയുടേതായിരുന്നു, പ്രഭാത ഭക്ഷണത്തിനു വീട്ടിൽ ചെല്ലണമെന്ന്. വീണ്ടും കീഴടങ്ങി. പുഞ്ചിരിയോടെ സമ്മതിച്ചു.
മണ്ണും മുളകളും കൊണ്ട് മനോഹരമാക്കിയ കൊച്ചു വീട്. ചുമരൊക്കെ ചിത്രപ്പണികളാൽ അലംകൃതം. ചെരുപ്പിട്ട് ആ മുറ്റത്തു പോലും ചവിട്ടാൻ തോന്നുന്നില്ല. അത്രയ്ക്ക് ശുദ്ധം.
അകത്തേക്ക് ക്ഷണിച്ച് നല്ല ആതിഥേയനായി ഭോലാറാം. നിലത്ത് വിരിയിട്ട ഇരിപ്പിടം. മോനെ അരികത്തിരുത്തി ഞാനുമിരുന്നു. അകത്തു നിന്നും പാദസരത്തിന്റെയും കുപ്പിവളകളുടേയും കിലുക്കം അടുത്ത് വരുന്നതറിഞ്ഞു. ഇളം റോസും പച്ചയും നിറത്തിലെ പരമ്പരാഗത വേഷമണിഞ്ഞഒരു പെൺകുട്ടി, ജാനകി. ഏറിയാൽ ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം വരും. അവളുടെ ശിരോവസ്ത്രത്തിന്റെ തുമ്പ് പിന്നിലേക്ക് ഉലയുന്നതു കണ്ടാണ് അവിടേക്ക് നോക്കിയത്. സുദേവിനോളം പ്രായമുള്ളൊരു കുഞ്ഞ്, മൂക്കൊലിപ്പിച്ച്, വിരൽ കടിച്ച്, അത്ഭുതം തുളുമ്പുന്ന കണ്ണുകളോടെ ഞങ്ങളിൽ ദൃഷ്ടി പതിപ്പിച്ച് അവിടെ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുളന്തണ്ടുകളിൽ പാചകം ചെയ്തെടുത്ത അട പോലത്തെ എന്തോ പലഹാരം, പിന്നെ മുളയിൽ തന്നെ ഉണ്ടാക്കിയെടുത്ത ശർക്കരക്കാപ്പി.
സ്നേഹം ചേർത്തു വിളമ്പിയിട്ടാകണം എല്ലാറ്റിനും അതിമധുരം. പലഹാരമെടുത്ത് നീട്ടി ആ കുഞ്ഞിനെ വിളിച്ചെങ്കിലും അവൻ അമ്മയുടെ നിഴലിൽ നിന്നും മാറാൻ തയ്യാറായില്ല. നിലത്തേക്ക് നോക്കി നിൽക്കുന്ന ജാനകിയുടെ കണ്ണീരുറഞ്ഞ കണ്ണുകളിൽ ഒരു തരം നിരാസഭാവം. പുറത്തേക്ക് നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കാതിരിക്കാനായില്ല. അവിടെ ആ അമ്മയും മകനും നിൽപ്പുണ്ടായിരുന്നു, ഏതോ എഴുത്തുകാരൻ മുഴുമിപ്പിക്കാത്ത കഥയിലെ കഥാപാത്രങ്ങളെപ്പോലെ.. സമയത്തിനു വഴങ്ങിക്കൊടുത്തേ മതിയാകൂ എന്ന ബോധം മനസിനെ തിരിച്ചു വിളിച്ചു. പുതുയുഗത്തിലെ ജാനകിയെ വിധിക്കു വിട്ടു കൊടുത്ത് പഴമയിലെ സീതയെ തേടി വീണ്ടും യാത്ര തുടങ്ങി.
സീതാമർഹിക്ക് വടക്കുഭാഗത്തേക്ക് പോയി പടിഞ്ഞാറേക്ക് തിരിഞ്ഞ് മൂന്നു കിലോമീറ്ററിനുള്ളിൽ ഹാലേഷ്വർ സ്ഥാൻ എന്നൊരു ക്ഷേത്രമുണ്ട്. പുത്രകാമേഷ്ഠി യാഗം നടത്തുമ്പോൾ ജനകൻ കണ്ടെത്തിയ ശിവക്ഷേത്രമാണത്.
ഒരു നാലു കിലോമീറ്ററുകൾ കൂടി മുന്നോട്ട് പോയാൽ ബഗാഹി ഗ്രാമമായി. അവിടെ നൂറ്റിയെട്ടു മുറികളുള്ളൊരു വലിയ ഹിന്ദു മഠം കാണാം. യാഗങ്ങളെക്കുറിച്ചും അവയ്ക്കായി അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവ ചെയ്യേണ്ട രീതികളെക്കുറിച്ചുമെല്ലാം ഇവിടെ പഠിപ്പിക്കുന്നുണ്ട്. പഠിക്കേണ്ടവർക്ക് ഇവിടെ തന്നെ താമസിച്ച് പഠിക്കാവുന്നതാണ്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഹൈന്ദവ ആചാരത്തെ മൃതിയ്ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്ന ഏക പാഠശാല.
മുന്നോട്ട് ഒരു പതിനെട്ട് കിലോമീറ്റർ കൂടെപ്പോയാൽ ശുകേശ്വർ സ്ഥാൻ എത്തും. സുഖ്ദേവ് എന്ന മഹാമുനി പൂജിച്ചിരുന്ന ശുകേശ്വരനാഥനായ ശിവന്റെ ക്ഷേത്രം ഇപ്പോഴും അവിടെ പുരാതനപ്രതീകമായി നിലനിൽക്കുന്നു.
പടിഞ്ഞാറോട്ട് തിരിഞ്ഞിടത്തു വന്ന് കിഴക്കോട്ട് യാത്ര ചെയ്താൽ, അതായത് സീതാമർഹിയുടെ വടക്ക് കിഴക്കായി പോയാൽ എട്ടു കിലോമീറ്ററിനുള്ളിൽ ഒരു വലിയ ആൽവൃക്ഷം നില്പുണ്ട്. പന്ഥ് പകർ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് സീതാദേവി വിവാഹശേഷം അയോധ്യയിലേക്കുള്ള പല്ലക്ക് യാത്രയ്ക്കിടയ്ക്ക് അല്പം വിശ്രമിക്കാൻ ഇരുന്നുവത്രേ, പടർന്നു പന്തലിച്ച ആ ആൽവൃക്ഷത്തിനു ചുവട്ടിൽ.
ശരിക്കും ആ വൃക്ഷത്തിനു യുഗാന്തരങ്ങളുടെ പ്രായമുണ്ടോയെന്നറിയണമെങ്കിൽ അതിന്റെ തടി മുറിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. വാസ്തവം എന്തു തന്നെ ആയാലും പഴം കഥകളുടെ ചൂരും ചൂടൂം ആ മണ്ണിനു പ്രത്യേക വീര്യം കൊടുക്കുന്നു. ഉറച്ച് പതിപ്പിക്കുമ്പോൾ പാദങ്ങൾക്കടിയിൽ മണൽത്തരികൾ വിറ കൊള്ളുന്നു, ഭർത്തൃഗൃഹത്തിലേക്ക് പോയ ആ നവോഢയുടെ മനസ് ഈ മണൽത്തരികൾ കട്ടെടുത്തിട്ടുണ്ടാകുമോ? “മാംജി കണ്ണടച്ചു പ്രാർത്ഥിച്ചോളൂ, സദാ ഭർതൃസാമിപ്യം ലഭ്യമാക്കും ദേവി”, പിന്നിൽ ഭോലാറാമിന്റെ ശബ്ദം ചിന്തകൾക്ക് കടിഞ്ഞാണിട്ടു. മകൾ ജാനകി ഇവിടെ പ്രാർത്ഥിച്ചിരുന്നില്ലേയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ മനസ് കുത്തിനോവിക്കാൻ തോന്നിയില്ല.
കുറച്ചു ദൂരത്തിനപ്പുറമാണ് പുപ്രി ഗ്രാമം. അവിടെ ശിവന്റെ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട്. ശിവൻ സ്വയം ഹഗേശ്വര നാഥ മഹാദേവനായി ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ആ ക്ഷേത്രത്തിനു ബാബ ഹഗേശ്വരനാാഥ ക്ഷേത്രം എന്ന പേരും കിട്ടി.
അവിടെ നിന്നും കുറച്ചുക്കൂടെ യാത്ര ചെയ്താൽ, അതായത് സീതാമർഹിയിൽ നിന്നും ഏകദേശം ഇരുപത്തിയാറു കിലോമീറ്ററോളം ദൂരത്തായി മുസ്ലീങ്ങളുടെ ഒരു ആരാധനാലയം കാണം, ഗൊരാവുൽ ഷരീഫ് എന്ന പേരിൽ ബിഹാർ ഷെരീഫിന്റേയും ഫുൽവാരി ഷെരീഫിന്റേയും പേരിൽ ഇതൊരു പുണ്യസ്ഥലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഉഴവു ചാലിൽ പിറന്നവളെ കണ്ടു ഏറെക്കുറെ. ഇനിയവൾ മടങ്ങിയതിനെക്കുറിച്ചറിയണം. അപമാനിതയാകുന്ന സ്ത്രീയുടെ പ്രതികരണം എന്തെന്ന് കാണിച്ചു തന്നവൾ, പുൽനാമ്പ് കൊണ്ട് വിശ്വവിജയി രാവണനെ അകറ്റി നിർത്തിയവൾ.. അറിയണം ഇനിയും, തിരികെ മുറിയിലെത്തുമ്പോൾ മനസ് പറഞ്ഞു കൊണ്ടിരുന്നു.
റിസപ്ഷനിൽ വിളിച്ച് അടുത്ത ദിവസത്തെ സുവിധാ എക്സ്പ്രസിലെ ടിക്കറ്റ് ഉറപ്പിച്ചു. ഭോലാറാമിനോട് നേരത്തെ പറഞ്ഞിരുന്നു, ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രയിൻ, അതിനു കണക്കാക്കി വിളിക്കാൻ വരണമെന്ന്. രാത്രി സ്വസ്ഥമായിട്ടുറങ്ങി.
രാവിലെ എട്ടുമണിക്ക് തന്നെ എന്റെ സാരഥി തയ്യാറായി എത്തിയിട്ടുണ്ടായിരുന്നു. ഇനി യാത്ര അലഹബാദിലേക്ക്..
വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ കൈവീശിക്കാണിച്ച് നിൽക്കുന്ന ഭോലാറാം അകന്നുപോകുന്നത് അറിഞ്ഞിരുന്നു. എന്തിനോ നിറഞ്ഞ ആ കണ്ണുകൾ മനഃപ്പൂർവ്വം എന്നവണ്ണം മറവിയിലുപേഷിച്ചു.
സുവിധാ എക്സ്പ്രസ് കൃത്യസമയത്ത് യാത്ര പുറപ്പെട്ടുവെങ്കിലും റെയിൽവേയ്ക്ക് പൊതുവേയുള്ള ചീത്തപ്പേരിനു മാറ്റം വരുത്താതെ കുറച്ച് വൈകി ഏഴു മണിക്കാണ് അലഹബാദ് എത്തിയത്. പുറത്തിറങ്ങി സീതാമർഹി അഥവാ സീതാ സമാഹിത് സ്ഥലിലേക്ക് പ്രീ പെയ്ഡ് ടാക്സി പിടിക്കുമ്പോൾ അകാരണമായൊരു സംശയം ഉള്ളിൽ നീറി, സീതയെന്തേ രാമനോട് ക്ഷമിച്ചില്ല?
അലഹാബാദ് നിന്നും ഗംഗാതീരത്തേക്കുള്ള ഗ്രാന്റ് ട്രങ്ക് റോഡിലൂടെയാണ് യാത്ര. അൻപത്തിയെട്ടു കിലോമീറ്റർ ഉണ്ടെന്ന് ഡ്രൈവർ പറഞ്ഞു. ഒന്നു രണ്ട് മണിക്കൂർ കൊണ്ട് എത്താമെന്നും സൂചിപ്പിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹാൻഡിയ എന്ന സ്ഥലത്തെത്തി. അവിടെ നിന്നും വളരെ അകലെയല്ലാതെ ഒരു നാലുമുക്കുണ്ട്, സീതാമഢി ചൌരാഹ എന്ന പേരിൽ. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് ഏതാണ്ട് പത്തു പന്ത്രണ്ട് കിലോമീറ്റർ പോകയേ വേണ്ടൂ, സീതാസമാഹിത് സ്ഥൽ എത്തിച്ചേരും. വഴിയിലുടനീളം വഴികാട്ടികൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് വഴിയൊട്ടും പരിചയമില്ലാത്ത ആൾക്കും തെറ്റാതെ എത്തിച്ചേരാൻ കഴിയും.
കുഞ്ഞുള്ള പരിഗണനയിൽ പുരോഹിതരിൽ ഒരാൾ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താമസിക്കാൻ ക്ഷണിച്ചു. നന്മയുടെ ആ മനസ് കണ്ടില്ലെന്ന് നടിക്കാനായില്ല. പുലർച്ചയ്ക്ക് ക്ഷേത്രത്തിലേക്ക് പോകാമെന്നും ഇപ്പോൾ കുളിച്ച് വിശ്രമിക്കാമെന്നും അദ്ദേഹം നടക്കുന്നതിനിടെ പറഞ്ഞു. സംസ്കൃതം എനിക്ക് മനസിലായില്ലെങ്കിലോ എന്ന ഭയത്തിലാവും പതിയെ പതിയെ ആംഗ്യങ്ങളോട് കൂടിയാണ് അദ്ദേഹം സംസാരിച്ചത്.
മണ്ണുകൊണ്ടുണ്ടാക്കിയ വീട്. ചിത്രപ്പണികൾ ചെയ്ത ചുമരുകൾ. കോലമെഴുതിയ മുറ്റം. തലയുയർത്തി നിൽക്കുന്ന തുളസിത്തറ. ആതിഥേയ ഭർത്താവിന്റെ മനസറിയുന്നവൾ എന്ന് പറയാതെ വയ്യ. അല്ലെങ്കിലെനിക്കും മോനും അത്രയും നല്ല പരിചരണം അവിടെ കിട്ടില്ലായിരുന്നുവല്ലോ.
പിറ്റേന്ന് പുലർച്ചെ കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വല്ലാത്തൊരു ശാന്തതയാണവിടെ. തിരക്കുകളിൽ നിന്നും അകന്ന് ജനവാസം കുറഞ്ഞ ഗംഗയുടെ തീരത്തിനടുപ്പിച്ച് സ്വച്ഛസുന്ദരമായ സ്ഥലം.
വിശ്വമോഹിനിയുടെ സ്വയംവരത്തിൽ അനുഭവിക്കേണ്ടി വന്ന മനഃക്ലേശത്തിൽ വശം കെട്ട് നാരദൻ വിഷ്ണുവിനെ ശപിച്ചുവത്രേ, രാമാവതാരക്കാലത്ത് അദ്ദേഹത്തിനു പത്നിയെ വേർപെട്ട് ജീവിക്കേണ്ടി വരുമെന്ന്.
ശാപമോ… നിയോഗമോ.. ഉരുകിത്തീർന്നത് ഒരു സ്ത്രീ ജന്മം.
“രാവണൻ കട്ടോണ്ട് പോയ പെണ്ണ്” എന്ന് വിഴുപ്പലക്കുന്ന നാവുകൾക്ക് കീഴടങ്ങി വാത്മീകി ആശ്രമ പരിധിയിലെ വനത്തിലേക്ക് വലിച്ചെറിയുമ്പോൾ ഇക്ഷ്വാകു വംശത്തിന്റെ അനന്തിരപരമ്പരയെ ഉള്ളിൽ ചുമക്കുന്നുണ്ടായിരുന്നവൾ.
ലവനും കുശനും പിറന്നു വീണത് കാട്ടിൽ.
സീതയെ ഉപേഷിച്ച രാമന്റെ കഥകേട്ടു കേട്ട് രാമനോട് ദ്വേഷം വച്ചു പുലർത്തിയ അവരന്ന് അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ തന്നെ കഥയാണെന്ന്. അതാവണം രാമന്റെ അശ്വമേഥാശ്വത്തെ പിടിച്ചു കെട്ടാനവരെ പ്രേരിപ്പിച്ചത്.
അച്ഛനും മക്കളും പരസ്പരം പോരിനിറങ്ങിയപ്പോൾ ആ അമ്മയ്ക്ക് സത്യത്തിന്റെ മറ നീക്കിക്കൊടുക്കേണ്ടി വന്നു.
വീണ്ടുമൊരു അഗ്നിപരീക്ഷയുടെ നിർദ്ദേശം നാണമില്ലാതെ ആവശ്യപ്പെടുന്ന രാമനു മുന്നിൽ സീത ഭൂമി പിളർന്നു പോയി എന്ന് ഐതീഹ്യം.
ലവനെന്നും കുശനെന്നും പേരായ രാജാക്കന്മാർ ഭാരതവും അഫ്ഘാനിസ്ഥാനിലെ ഹിന്ദുകുഷ് പർവ്വതനിരകൾ വരെയുള്ള പ്രദേശങ്ങളും വാണിരുന്നതായി ചരിത്രം പറയുന്നു. ഇതിൽ കുശന്റെ പരമ്പരയിലാണ് മൌര്യ രാജവംശം വരുന്നതെന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രത്തിന്റേയും ഐതീഹ്യങ്ങളുടേയും പുറകേ പോയ മനസ്സ് തിരിച്ചെത്തിയത് ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിച്ചപ്പോഴാണ്.
തുടക്കത്തിൽ ശിവനിരുപ്പുണ്ട്, ഹിമാലയത്തിൽ തപസിരിക്കുന്നതുപോലെ.
പടിക്കെട്ടുകൾക്ക് മുകളിൽ ശിവൻ, ജഢയിൽ നിന്നും ഗംഗയെന്നപോലെ താഴേക്ക് ഒഴുകി വരുന്നൊരു ജലധാര.
അടിയിലായി ശിവലിംഗപ്രതിഷ്ഠയുള്ള ഒരു ചെറിയ അമ്പലം.
കുറച്ച് മാറി ദീപ് ദാൻ എന്ന സ്ഥലമാണ്, കത്തിനിൽക്കുന്ന അനേകായിരം ദീപങ്ങളുടെ ശോഭയിൽ മുങ്ങി.
ആഗ്രഹങ്ങളാണവിടെ ദീപങ്ങളായെരിയുന്നത്. കടുകെണ്ണയോ നെയ്യോ ഒഴിച്ച് പതിനഞ്ചോ മുപ്പതോ ദിവസം തുടർച്ചയായി ഇവിടെ വിളക്കുകൾ തെളിയിച്ചാൽ ആഗ്രഹപൂർത്തി വരുമെന്ന് വിശ്വാസം. മനുഷ്യനിലെ മോഹങ്ങളൊടുങ്ങാത്തിടത്തോളം കാലം ഇവിടെ ഈ കെടാവിളക്കുകൾ എരിഞ്ഞുകൊണ്ടേയിരിക്കും.
മുന്നോട്ട് നടന്നാൽ സീതാദേവിയുടെ ക്ഷേത്രത്തിലെത്താം, സീത ഭൂമിയിലേക്ക് പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് അമ്പലം പണിതിരിക്കുന്നത്. രണ്ടു നിലയുള്ള കെട്ടിട സമുച്ചയത്തെ ചുറ്റി ഒരു വലിയ കുളമുണ്ട്. ഒന്നാം നിലയിലേക്ക് പ്രവേശിച്ചിട്ടുവേണം താഴത്തെ നിലയിലേക്ക് പോകാൻ. ഒന്നാമത്തെ നിലയിലേക്ക് കയറാൻ കുളത്തിനു കുറുകെ ഒരു പാലം പണിതിട്ടുണ്ട്.
തൂവെള്ള മാർബിളിൽ കൊത്തിയ ക്ഷേത്രം. അകത്തു മുഴുവൻ ചിത്രപ്പണികളാണ്. ചില്ലു കഷ്ണങ്ങൾ ചേർത്തു വച്ച് നല്ലൊരു ചിത്രപ്പണി ചെയ്തിട്ടുണ്ട് കുംഭഗോപുരത്തിൽ.
പ്രശാന്തസുന്ദരമായ അന്തരീക്ഷം. ആരും ആരേയും നിയന്ത്രിക്കുന്നില്ല്ല. പൂജാരിമാർ അടക്കി വാഴുന്നില്ലവിടെ. ഭക്തർക്ക് അവരുടെ ഇഷ്ടപ്രകാരം ആരാധന ചെയ്യാം. ഒരു ഭക്തരും അതിനുള്ളിൽ ചൂഷണം ചെയ്യപ്പെടുന്നില്ല. ആരും സംഭാവന ചോദിക്കുന്നില്ല, അതുകൊണ്ട് ത്തന്നെയാവണം അതിനുള്ളിലെപ്പോഴും ആത്മീകതയും ദൈവീകതയും, ശുദ്ധതയും ശാന്തതയുമൊക്കെ നിറഞ്ഞു നിന്നിരുന്നത്. ഏതോ ഗസൽ ഗാനം പോലെ അവിടെയാകെ ഒരു സൌകുമാര്യത തുള്ളിത്തുളുമ്പി നിന്നു.
അകത്ത് കുംഭഗോപുരത്തിനു താഴെ സീതാദേവിയുടെ ഒരു മാർബിൾ പ്രതിമ സ്ഥാപ്പിച്ചിട്ടുണ്ട്. അതിന്റെ പുറകിലത്തെ ഭിത്തിയിൽ പല വർണ്ണങ്ങളിലുള്ള ചില്ലുക്കഷ്ണങ്ങൾ കൊണ്ട് സീതാദേവി ഭൂമി പിളർന്നു പോയ രംഗം മുഴുവൻ ചിത്രീകരിച്ചിട്ടുണ്ട്. വാൽമീകിയും ലവകുശന്മാരും ഹനുമാനും സുഗ്രീവനും ഒക്കെയുണ്ടവിടെ.
ഒന്നാമത്തെ നിലയിൽ നിന്നും താഴേക്കു നോക്കിയാൽ താഴെ കുളത്തിലെ തെളിഞ്ഞ ജലം കാണാം. അതിൽ ബോട്ടിംഗ് നടത്താറുണ്ട്. ചുറ്റുമുള്ള കുറ്റിക്കാടുകളിൽ നിന്നും മൃഗങ്ങൾ നിർഭയരായി വന്നു ദാഹം ശമിപ്പിച്ചു പോകുന്നുണ്ട്. താറാവും മാനും മയിലും കുരങ്ങന്മാരും പേരറിയാ പക്ഷികളുമൊക്കെ ചേർന്ന് ഭൂമിയേയും അതിലെ ചരാചരങ്ങളേയും അളവറ്റു സ്നേഹിച്ച ഒരു പാവം പെണ്ണിന്റെ ആത്മാവിനോട് കൂറു പുലർത്തി ശാന്തമായ അന്തരീക്ഷം അവിടെ കാഴ്ച വയ്ക്കുന്നു.
താഴത്തെ നിലയിലെത്തിയാൽ അവിടെയും കാണാം വെണ്ണക്കല്ലിൽ കൊത്തി വച്ചൊരു ഭൂമി പുത്രിയെ.
ജീവൻ തുടിക്കുന്ന ആ പ്രതിമ കാഴ്ചക്കാരോട് സംവദിക്കും എന്നു കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ് എന്തോ ഒരു നോവറിയും, ഏതു കഠിനഹൃദയവും ഒന്ന് തേങ്ങും, ഒരു തുള്ളിയെങ്കിലും കണ്ണീർ പൊഴിക്കും.
എല്ലാ യുഗങ്ങളിലും സ്ത്രീ പീഢിപ്പിക്കപ്പെടുന്നു. സത്യയുഗത്തിൽ അഹല്യ, ത്രേതായുഗത്തിൽ സീത, ദ്വാപരയുഗത്തിൽ ദ്രൌപതി, ഈ കലിയുഗത്തിൽ നിമിഷം പ്രതി അനേകായിരം കുരുന്നുകൾ..
മുഴുവൻ സ്ത്രീജന്മങ്ങളുടെയും ദുഃഖം ഉൾക്കാമ്പിലേറ്റു വാങ്ങി അവൾ നിൽക്കുന്നു, നിർന്നിമേഷയായി..
മാന്ത്രികനായ ശില്പി അങ്ങേക്ക് നമോവാകം, മനസ് അറിയാതെ മൊഴിഞ്ഞു.
പ്രതിമയുടെ പുറകിൽ രാമായണ കഥകൾ ചിത്രീകരിച്ചിട്ടുണ്ട്. അശ്വത്തെ കെട്ടിയിടുന്നതും ഹനുമാനെ പിടിച്ചു വയ്ക്കുന്നതുമൊക്കെ വളരെ ഭംഗിയായി അവിടെ ചിത്രീകരിച്ചിരിക്കുന്നു. തൊട്ടടുത്ത്, സീത പാതാളത്തിലേക്ക് പോയ ഭാഗം കാണാം.
സീതാദേവിയുടെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടന്നാൽ കുറച്ച് കിലോമീറ്ററുകൾ ചെല്ലുമ്പോൾ ഒരു ആഞ്ജനേയ ക്ഷേത്രം ഉണ്ട്. അവിടെ പവനപുത്ര ഹനുമാന്റെ നൂറ്റിയെട്ടടി പൊക്കമുള്ള ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
സീതാദേവിയുടെ ക്ഷേത്രത്തെ നോക്കിയാണതിന്റെ നിൽപ്പ്. ആ മുഖത്ത് അരുതേ അമ്മേ പോകരുതേ എന്നു യാചിക്കുന്നൊരു മകന്റെ ഭാവം പ്രകടമാണ്. ആ ദീർഘകായ പ്രതിമയ്ക്കു കീഴിൽ ഹനുമാന്റെ ചെറിയ വിഗ്രഹം പ്രതിഷ്ഠിച്ച് യഥാവിധി പൂജകൾ നടക്കുന്നുണ്ട്.
വീണ്ടും മുന്നോട്ട് പോയാൽ ഗംഗാതീരത്തിനടുപ്പിച്ച് വാത്മീകിയുടെ ആശ്രaമം കാണാം, കുറച്ചപ്പുറത്തായി ലവകുശന്മാരുടെ ക്ഷേത്രവും. ഇവിടെ വച്ചാണു അശ്വമേധാശ്വത്തെ ലവകുശന്മാർ പിടിച്ചു കെട്ടിയതെന്ന് പറയപ്പെടുന്നു.
മൂന്നു കാരണങ്ങൾ കൊണ്ട് ഇത് സീത ഭൂമിയിലേക്ക് പോയ സ്ഥലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
1. സീതയെ ഉപേഷിച്ചത് വാത്മീകീ ആശ്രമത്തിനരികെയാണെന്നാണ് രാമായണം പറയുന്നത്. വാത്മീകിയുടെ ആശ്രമം ഇവിടെയാണ്.
2. രാമായണത്തിൽ പറയുന്ന പ്രകാരം ഇത് ഗംഗാനദീ തീരത്താണുള്ളത്, അയോധ്യയിൽ നിന്നും രഥത്തിൽ ഇവിടെത്താൻ ഒരു ദിവസം മതി. വാത്മീകിയുടെ വിവരണത്തിൽ നിന്നും അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നതിവിടെയാണ്, തമസാ നദിയുടേയും ഗംഗാനദിയുടേയും സംഗമ സ്ഥാനത്ത്.
3.രാമചരിതമാനസം എഴുതിയ ഗോസ്വാമി തുളസീദാസ് പ്രകൃതികല്പനകൾക്കനുസരിച്ച് കാശി (വാരണാസി)യിൽ നിന്നും പ്രയാഗി (അലഹബാദി)ലേക്കുള്ള യാത്രാമദ്ധ്യേ സീതാദേവി പാതാളത്തിലേക്ക് പോയ സ്ഥലത്ത് പോയെന്നും മൂന്നു ദിവസം തങ്ങിയെന്നും തന്റെ കവിതാവലി ഉത്തരഖണ്ഡത്തിൽ പറയുന്നുണ്ട്. ബാരിപുർ ദിഗ്പുർ എന്നീ ഗ്രാമങ്ങൾക്കിടയ്ക്കാണു ഈ സ്ഥലമെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളും സീതാമർഹിക്ക് അപ്പുറവും ഇപ്പുറവുമായി ഇന്നും അവശേഷിക്കുന്നുണ്ട്.
സീതയെ പിന്നിലുപേഷിച്ച് ഗംഗയുടെ തീരത്തുകൂടെ അല്പം നടന്നു..
മടങ്ങുമ്പോൾ ഹൃദയത്തിനു വല്ലാത്ത ഭാരം അനുഭവപ്പെട്ടു. കുഞ്ഞിനെ ഒന്നൂകൂടെ ചേർത്തു പിടിച്ചു, ആർക്കും വിട്ടുകൊടുക്കില്ലെന്ന മട്ടിൽ. എന്തിനായിരുന്നു എന്ന് എത്ര ചോദിച്ചിട്ടും മനസ് ഉത്തരം തന്നില്ല.
താമസിച്ചിരുന്ന വീട്ടിലെത്തി വേഗം കുളിച്ച് വേഷം മാറി യാത്ര പറഞ്ഞിറങ്ങി. അലഹബാദിലേക്ക് പോകാനുള്ള ടാക്സി ആതിഥേയർ തന്നെഏർപ്പാട് ചെയ്തിരുന്നു.
യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞ് പിൻവിളിയെന്തോ കേട്ടപോലെ പുറകിലത്തെ ഗ്ലാസിലൂടെ അകലേക്ക് നോക്കി..
അവിടെ അവൾ….
ഒരു നൊമ്പരമായി…
“എന്നെ വിട്ട് നീ പോവുകയാണോ…?” അവൾ ചോദിക്കുന്നുണ്ടോ..
“കർമ്മകാണ്ഡങ്ങൾ ഇനിയും ബാക്കിയാകുന്നു സഖി, വരാം… ജീവിതഭാരങ്ങളിറക്കി വച്ച്…. നിന്നിലലിയാൻ… നീയാകാൻ…..” നിറഞ്ഞ കണ്ണുകൾ തുടച്ച് മുഖം തിരിക്കുമ്പോൾ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.